വയനാട്ടില്‍ ആദ്യമായി കുറിത്തലയന്‍ വാത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട്, വയനാട് ബേഡേഴ്സ് എന്നിവ സംയുക്തമായി നടത്തിയ നീര്‍പ്പക്ഷി സര്‍വേയിലാണ് കബനി തീരത്തെ കൊളവള്ളിയില്‍ കുറിത്തലയന്‍ വാത്തിനെ കണ്ടത്.
ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയന്‍ വാത്ത്. ടിബറ്റന്‍ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.
തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കന്‍ ഏഷ്യയില്‍ ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നുണ്ട്. ഓക്സിജന്‍ കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന ഈ പക്ഷി ജീവലോകത്തെ അദ്ഭുതമാണെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വയനാട്ടിലെ പനമരം, വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാല്‍, ചേകാടി, കൊളവള്ളി, ബാണാസുര ഡാം, വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂര്, അമ്മവയല്‍ നിര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.